റിസ്വിയും കരുണും തകർത്തടിച്ചു; ഡൽഹിക്ക് ആശ്വാസ ജയം
Saturday, May 24, 2025 11:50 PM IST
ജയ്പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം. ആറു വിക്കറ്റിനാണ് ഡൽഹി വിജയക്കൊടി പാറിച്ചത്. സ്കോർ: പഞ്ചാബ് 206/8 ഡൽഹി 208/4 (19.3).
പഞ്ചാബ് ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. 25 പന്തില്‍ 58 റണ്‍സുമായി പുറത്താവാതെ നിന്ന സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്.
കരുണ്‍ നായര്‍ (27 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. കെ.എല്‍.രാഹുല്‍ ( 35) ഫാപ് ഡു പ്ലെസിസ് (23), സിദ്ദിഖുള്ള അടല്‍ (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിസ്വിക്കൊപ്പം ട്രിസ്റ്റണ്‍ സ്റ്റബ്സ് (18) പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനായി ശ്രേയസ് അയ്യര്‍ (34 പന്തില്‍ 53), മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ 44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്മാന് മൂന്ന് വിക്കറ്റെടുത്തു.
ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിനായുള്ള പഞ്ചാബിന്റെ കാത്തിരിപ്പ് ഇനിയും നീളും. ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതോടെയാണ് പഞ്ചാബിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വന്നത്. സമീര്‍ റിസ്വിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.