കപ്പൽ അപകടം; മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തി
Saturday, May 24, 2025 10:21 PM IST
കൊച്ചി: കേരളാ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ അപകടത്തിൽപ്പെട്ട കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 20 ഫിലിപ്പൈൻ പൗരൻമാരും രണ്ട് യുക്രെയ്ൻ പൗരന്മാരും ഒരു ജോർജിയൻ പൗരനും റഷ്യൻ പൗരനായ ക്യാപ്റ്റനുമാണ് കപ്പലിലുണ്ടായിരുന്നത്.
ലൈബീരിയായിൽ നിന്നുള്ള എംഎസ്സി എൽസ-3 എന്ന ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടതെന്ന് കോസ്റ്റുഗാർഡ് വ്യക്തമാക്കി. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്ക് പോയ കപ്പലായിരുന്നു ഇത്.
രാത്രി പത്തിനാണ് കപ്പൽ കൊച്ചിയിലെത്തേണ്ടിയിരുന്നത്. മറൈൻ ഗ്യാസ് ഓയിലടക്കമുള്ള അപകടകരമായ ഇന്ധനം കണ്ടെയ്നറുകളിലുണ്ടെന്നാണ് വിവരം. അപകടത്തെ തുടർന്ന് കപ്പലിൽ നിന്ന് ഒമ്പതു കാർഗോകൾ കടലിൽ വീണിരുന്നു.
കാർഗോ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ തീരദേശ മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. കടലിൽ വീണത് അപകടകരമായ വസ്തുവെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.
തീരത്ത് അടിയുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ കരയ്ക്ക് അടിഞ്ഞാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.