ഷഹബാസ് വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു
Saturday, May 24, 2025 7:49 PM IST
കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസിൽ ജുവൈനൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് പത്താം ക്ലാസുകാരനായ ഷഹബാസ് മരിച്ചത്. പ്രതികളായ വിദ്യാർഥികളുടെ ബന്ധുക്കൾക്ക് കേസിൽ പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.
എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്ന നിഗമനത്തിലാണ് പോലീസ്. മാർച്ച് ഒന്നിനാണ് സഹപാഠികളുടെ ക്രൂരമായ മർദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചത്.
സംഭവത്തിൽ പ്രതികളായ ആറ് പേരും ജുവനൈൽ ഹോമിലാണ് ഇപ്പോഴുള്ളത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.