ഭീകരരെയും ജനങ്ങളെയും വേര്‍തിരിച്ച് കാണാന്‍ പാക്കിസ്ഥാന് പറ്റുന്നില്ല; യുഎന്നില്‍ ഇന്ത്യ
Saturday, May 24, 2025 1:45 PM IST
ന്യൂഡല്‍ഹി: യുഎന്‍ സുരക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരരെയും ജനങ്ങളെയും വേര്‍തിരിച്ച് കാണാന്‍ കഴിയാത്ത രാജ്യത്തിന് സുരക്ഷയേക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ജനങ്ങളെ സംരക്ഷിക്കുകയെന്ന പേരില്‍ പാക്കിസ്ഥാന് ഭീകരരെ സംരക്ഷിക്കുകയാണെന്നും യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് പാക്കിസ്ഥാൻ നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വർഷം പഴക്കമുള്ള സിന്ധുനദീജല കരാറിൽ തൽസ്ഥിതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നല്ല വിശ്വാസത്തോടെയാണ് 65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധുനദീജല കരാറിൽ ഏർപ്പെട്ടത്. എന്നാൽ കഴിഞ്ഞ ആറര പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാക്കിസ്ഥാൻ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചു. കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 20000 ത്തോളം പേർ ഭീകരാക്രമണത്തിലൂടെ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.