റോഡിലേക്ക് വീണ പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞു; മധ്യവയസ്കൻ മരിച്ചു
Saturday, May 24, 2025 9:43 AM IST
കൊച്ചി : എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞ് ബൈക്ക് യാത്രികനായ മധ്യവയസ്കൻ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുൽ ഗഫൂർ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.
അപകടത്തിന് പിന്നാലെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് പോസ്റ്റ് നിലത്തു വീണത്. ഈ പോസ്റ്റിൽ തട്ടി മറ്റൊരു ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ടിരുന്നു.
ഈ സമയം ഇവിടെ എത്തിയ പോലീസ് റോഡിന് കുറുകെ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും, ആ സമയം പോലീസ് പോസ്റ്റ് മാറ്റിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നുമാണ് നാട്ടുകാർ പറഞ്ഞത്.