കനത്ത മഴ: വടക്കൻ ജില്ലകളിലും മലയോര പ്രദേശങ്ങളിലും ജാഗ്രത വേണമെന്ന് റവന്യൂമന്ത്രി
Saturday, May 24, 2025 8:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വടക്കൻ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മലയോര പ്രദേശങ്ങളിനും ജാഗ്രത വേണമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ജില്ലകളിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൺസൂൺ കാറ്റ് നേരത്തെ വീശി തുടങ്ങിയെന്നും അതിനാൽ തന്നെ കാലവർഷം നേരത്തെ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.