മധ്യപ്രദേശ് സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തണമെന്ന് ആവശ്യം
Saturday, May 24, 2025 7:38 AM IST
ഭോപ്പാൽ: മധ്യപ്രദേശ് സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തണമെന്ന് ആവശ്യം. ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്, പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശിലെ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഈ ആവശ്യമുയർത്തിയത്.
സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തുന്നത് ശരിയായ നടപടിയാണെന്നും സംസ്ഥാന സർക്കാർ അതിനെക്കുറിച്ച് പരിഗണിക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യൻ സായുധ സേന 30 മിനിറ്റിനുള്ളിൽ നശിപ്പിച്ചുവെന്നും ഇത് ചരിത്രപരമാണെന്നും എല്ലാ ഇന്ത്യക്കാരെയും സന്തോഷിപ്പിക്കുമെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ പറഞ്ഞു.
നമ്മുടെ വരും തലമുറകൾ ഇതിനെക്കുറിച്ച് അറിയണം. അതിനാൽ, മധ്യപ്രദേശിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഭോപ്പാലിലെ ഹുസൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള രാമേശ്വർ ശർമ വ്യക്തമാക്കി.
പഹൽഗാം കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യാൻ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ രാജ്യം മുഴുവൻ ഒന്നിച്ചു നിന്നുവെന്ന് കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് ഇത്തരത്തിലുള്ള ഐക്യം പ്രകടമായിരുന്നുവെന്നും അതിനാൽ ഇത് നിസംശയമായും ഒരു ചരിത്ര നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച, ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ കൗൺസിൽ പ്രസിഡന്റ് മുഫ്തി ഷാമൂൺ ഖാസിമി ഓപ്പറേഷൻ സിന്ദൂർ മദ്രസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്രസ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ഖാസിമി പറഞ്ഞു.