സഹപ്രവർത്തകൻ ജലാശയത്തിലേക്ക് വീണു; രക്ഷിക്കുന്നതിനിടെ 22കാരനായ സൈനികന് ജീവൻ നഷ്ടമായി
Saturday, May 24, 2025 12:45 AM IST
ന്യൂഡൽഹി: സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെ സൈനികന് നഷ്ടമായത് സ്വന്തം ജീവൻ. സിക്കിം സ്കൗട്ട്സിലെ ലെഫ്റ്റനന്റായ ശശാങ്ക് തിവാരിയാണ് നദിയിൽ വീണ സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. താൽക്കാലിക മരപ്പാലത്തിൽ നിന്ന് ജലാശയത്തിലേക്ക് വീണതോടെയാണ് ശശാങ്കിന്റെ സഹപ്രവർത്തകൻ അഗ്നിവീർ സ്റ്റീഫൻ സുബ്ബ ഒഴുക്കിൽപ്പെട്ടത്.
ജീവൻ അപകടത്തിലായതോടെ സൈനികനെ രക്ഷിക്കാൻ 22 വയസ് മാത്രം പ്രായമുള്ള ശശാങ്ക് തിവാരി നദിയിലേക്ക് ചാടുകയായിരുന്നു. നായിക് പുക്കർ കട്ടേലും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
ഇരുവരും ഒരുമിച്ച് സുബ്ബയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ ശക്തമായ ഒഴുക്കിൽ ലെഫ്റ്റനന്റ് ശശാങ്ക് തിവാരി കുടുങ്ങുകയായിരുന്നു. അരമണിക്കൂറോളമെടുത്താണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.
ഉത്തർപ്രദേശിലെ അയോധ്യയിലെ ഗദോപൂർ മജ്വ സ്വദേശിയാണ്. ഏക മകനായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈനികന്റെ മരണത്തിൽ അനുശോചനമറിയിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്ഥാനം 50 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ശശാങ്ക് ഇന്ത്യൻ സൈന്യത്തിന്റെ സിക്കിം സ്കൗട്ട്സിലേക്ക് എത്തിയിട്ട് ആറുമാസം മാത്രമേ ആയിരുന്നുള്ളൂ.