ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും
Friday, May 23, 2025 11:28 PM IST
മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒന്നിനാണ്
സെലക്ഷന് കമ്മിറ്റി യോഗം തുടങ്ങുക.
ഒന്നരയോടെ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യ ആദ്യ പരമ്പരയ്ക്ക് ഒരുങ്ങുന്പോൾ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പുതിയ നായകന് ആരെന്നറിയാന്‍. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമില്‍ ഉണ്ടെങ്കിലും, ഭാവിലക്ഷ്യമിട്ട് യുവതാരമായ ഗില്ലിന് ചുമതല നല്‍കാനാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടര്‍മാരുടെ തീരുമാനം.
ആരോഗ്യ കാരണങ്ങളാല്‍ എല്ലാ മത്സരങ്ങളിലും കളിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടെന്ന് ബുമ്ര സെലക്ടര്‍മാരെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഐപിഎല്ലില്‍ നിരാശപ്പെടുത്തിയെങ്കിലും റിഷഭ് പന്തിന് വൈസ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയേക്കും.