തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു
Friday, May 23, 2025 9:48 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത് മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറി. മരം ഒടിഞ്ഞുവീണ് റോഡുകളിൽ ഗതാഗത തടസവുമുണ്ടായി.
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യതയും അറിയിച്ചിട്ടുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ-ഇടവ വരെയും, ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിലാണ് കടലാക്രമണത്തിന് സാധ്യതയുള്ളത്.