റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു; യുവതി മരിച്ചു
Thursday, May 22, 2025 9:27 PM IST
കോട്ടയം: ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവതി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴിനുണ്ടായ അപകടത്തിൽ തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) ആണ് മരിച്ചത്.
അബിതയുടെ മാതാവ് നിഷ (47)നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ ശേഷം റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു അമ്മയും മകളും.
ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അബിതയുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അബിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.