മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളക്സ് കീറി; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Thursday, May 22, 2025 8:09 PM IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്ളക്സ് കീറിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി.ആര്.സനീഷിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരില്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡ് തകര്‍ത്ത കേസിലാണ് പോലീസ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നിന്നും സനീഷിന് ജാമ്യം ലഭിച്ചു.
നേരത്തെ അടുവാപ്പുറത്ത് സനീഷിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാ ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്തൂപം തകര്‍ത്തിരുന്നു. സ്തൂപം ഉണ്ടാക്കിയ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിക്കാന്‍ വിളിച്ചു വരുത്തിയാണ് പോലീസ് സനീഷിനെ അറസ്റ്റ് ചെയ്തത്.
കേരളത്തില്‍ ഗാന്ധിയെക്കാള്‍ വലിയ രാഷ്ട്ര ബിംബം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പോലീസ് തെളിയിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് പറഞ്ഞു. ഗാന്ധി സ്തൂപം തകര്‍ത്ത പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു.
പിണറായി വിജയന്റെ ഫ്ളക്സ് തകര്‍ത്താല്‍ ജാമ്യമില്ലാ വകുപ്പും ചുമത്തുന്ന പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.