ഛർദിയെ തുടർന്ന് വീട്ടമ്മയുടെ മരണം; വില്ലനായത് പഴകിയ മീൻ
Thursday, May 22, 2025 4:38 PM IST
കൊല്ലം: ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തിന് കാരണമായത് പഴകിയ മീൻ എന്ന സംശയം ബലപ്പെടുന്നു. കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ട് വീട്ടിൽ ദീപ്തി പ്രഭ (46) ആണ് ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിൽ മരിച്ചത്.
ഇവരുടെ ഭർത്താവ് ശ്യാം കുമാറും മകൻ അർജുനും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. രണ്ട് ദിവസം മുമ്പ് ഇവർ ചൂര മീൻ വാങ്ങിയിരുന്നു. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കയായിരുന്നു. ഇന്നലെയാണ് ഇത് കറിവച്ച് കഴിച്ചത്.
ഇതിന് പിന്നാലെ ശ്യാം കുമാറിനും മകൻ അർജുനും ഛർദി അനുഭവപ്പെടുകയുണ്ടായി. ദീപ്തിക്ക് അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെട്ടതുമില്ല. അതിനാൽ ഇവർ ശക്തികുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് പോകുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് ഭർത്താവ് ഇവരെ ജോലി സ്ഥലത്ത് നിന്ന് തിരികെ വീട്ടിൽ കൊണ്ടുവന്നു. അതിനുശേഷമാണ് ദീപ്തിക്ക് ഛർദിയും മറ്റ് അസ്വസ്ഥതകളും അനുവേപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാക്കുകയുള്ളൂവെന്ന് ജില്ലാ ആശുപത്രിലെ ഡോക്ടർമാർ വ്യക്തമാക്കി. ഇവർ കഴിച്ച മീൻ കറിയുടെ സാമ്പിളുകൾ ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ എത്തി ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എവിടുന്നാണ് മത്സ്യം വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങൾ ശക്തികുളങ്ങര പോലീസും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കലർത്തിയ മത്സ്യമായിരിക്കാം എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദീപ്തിയുടെ ബന്ധുക്കളും ഇത്തരമൊരു സംശയമാണ് പോലീസിനോട് സൂചിപ്പിച്ചിട്ടുള്ളത്.