ദേശീയപാത തകർന്ന സംഭവം: കടുത്ത നടപടിയുമായി കേന്ദ്രം; കരാർ കമ്പനിക്ക് വിലക്ക്, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Thursday, May 22, 2025 3:42 PM IST
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്തു. ഇതോടെ, കമ്പനിക്ക് ഇനി ദേശീയപാതയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കാനാകില്ല.
ഇതോടൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ദേശീയപാത അഥോറിറ്റിയുടെ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കരാര്‍ കമ്പനിക്കും കണ്‍സള്‍ട്ടന്റ് കമ്പനിക്കുമെതിരെ കേന്ദ്രം നടപടിയെടുത്തത്.
കേരളത്തിലെ ദേശീയപാതയിലെ നിര്‍മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രഫസര്‍ കെ.ആര്. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.