ഓപ്പറേഷന് സിന്ദൂർ: പ്രതിനിധി സംഘം യുഎഇയിൽ, കൂടിക്കാഴ്ചകൾ ആരംഭിച്ചു
Thursday, May 22, 2025 1:34 PM IST
ദുബായി: ഓപ്പറേഷൻ സിന്ദൂര്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇന്ത്യന്‍ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം യുഎഇയിലെത്തി. ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേ നയിക്കുന്ന സംഘം ബുധനാഴ്ച രാത്രി 11.20നാണ് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
ഇന്ന് രാവിലെ 9.30ന് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും തുടർന്ന് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ, ഫെഡറൽ നാഷണൽ കൗൺസിൽ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയുമായും മറ്റ് ഫെഡറൽ നാഷനൽ കൗൺസിൽ കമ്മിറ്റി അംഗങ്ങളുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നിക്കോളായ് മ്ലെഡെനോവയുമായി ചർച്ച നടത്തുന്ന സംഘം ശനിയാഴ്ച സന്ദർശനം പൂർത്തിയാക്കി മടങ്ങും.
സംഘത്തിൽ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ബാൻസുരി സ്വരാജ്, അതുൽ ഗാർഗ്, സാംസിത് പാത്ര, മനൻകുമാർ മിശ്ര, മുൻ പാർലമെന്റ് അംഗം എസ്.എസ്. അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ഛിനോയ് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ സ്ഥിരീകരിക്കാനുള്ള തെളിവുകളുമായാണ് സർവകക്ഷി സംഘങ്ങൾ യാത്ര തിരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
സർവകക്ഷിസംഘങ്ങളിലെ അംഗങ്ങൾക്ക് വിദേശകാര്യമന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിരുന്നു. ആകെ 59 എംപിമാരും മുൻ വിദേശകാര്യമന്ത്രിമാരും മുൻ അംബാസഡർമാരും വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഏഴ് സംഘങ്ങളിലായി 32 രാജ്യങ്ങൾ സന്ദർശിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിപിഎം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് അംഗമായ സംഘം ജപ്പാനിലെത്തിയിരുന്നു. സിംഗപ്പുർ, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിക്കും. അതേസമയം, ഡിഎംകെ എംപി കനിമൊഴി നേതൃത്വം നൽകുന്ന റഷ്യയിലേക്കുള്ള സംഘം വ്യാഴാഴ്ച പുറപ്പെട്ടിരുന്നു. ഗ്രീസ്, ലാത്വിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും സംഘം സന്ദർശിക്കും.