ഡൽഹിയെ വീഴ്ത്തി; മുംബൈ പ്ലേ ഓഫിൽ
Wednesday, May 21, 2025 11:45 PM IST
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. നിര്‍ണായകമത്സരത്തില്‍ ഡല്‍ഹിയെ 59 റൺസിന് തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. സ്കോർ: മുംബൈ 180/5 ഡല്‍ഹി 121 (18.2).
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ സൂര്യകുമാർ യാദവ് -നമാന്‍ ധിര്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അര്‍ധസെഞ്ചുറി നേടിയ (73) സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 27 റണ്‍സിനിടെ ടീമിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. നായകന് ഫാഫ് ഡു പ്ലെസിസ് (ആറ്), കെ.എല്‍. രാഹുല്‍ (11), അഭിഷേക് പോറല്‍ (ആറ്) എന്നിവര്‍ വേഗം കൂടാരം കയറി. ഇതോടെ ഡല്‍ഹി തോല്‍വി മണത്തു.
പിന്നീട് സമീര്‍ റിസ്വിയും വിപ്രജ് നിഗവും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. സ്കോര്‍ 55 ല്‍ നില്‍ക്കേ വിപ്രജ് നിഗം(20) പുറത്തായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സും(2) കൂടാരം കയറി. 39 റൺസ് നേടിയ സമീര്‍ റിസ്വിയാണ് ടോപ് സ്കോറര്‍.
വാങ്കഡെയിൽ മുംബൈ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പോയതാണ് ഡൽഹിക്ക് തിരിച്ചടിയായത്. മുംബൈക്കായി ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റനറും മൂന്നുവീതം വിക്കറ്റെടുത്തു. സൂര്യകുമാര്‍ യാദവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
മുംബൈയോട് പരാജയപ്പെട്ടതോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകൾ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇതോടെ ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന നാലമത്തെ ടീമാറി മുംബൈ മാറി.