സ്മാർട്ട് റോഡിന്റെ ക്രെഡിറ്റ് മുഹമ്മദ് റിയാസ് ഏറ്റെടുക്കുന്നു; പരാതിയുമായി മന്ത്രി എം.ബി.രാജേഷ്
Wednesday, May 21, 2025 7:03 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത സ്മാർട്ട് റോഡിന്റെ ക്രെഡിറ്റിനെ ചൊല്ലി സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം. ഉദ്ഘാടനത്തിനു മന്ത്രി എം.വി.രാജേഷിനെ ക്ഷണിക്കാത്തതിൽ അതൃപ്തി അറിയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോട്ടോ ഉൾപ്പെടുത്തി പത്രങ്ങൾക്ക് പരസ്യം നൽകിയതും ചില മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടർന്നാണു മുഖ്യമന്ത്രി റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നതെന്നും സൂചനകളുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗികമായി ലഭിച്ച അറിയിപ്പ്. എന്നാൽ റോഡിന്റെ ഉദ്ഘാടന ദിവസം ഉച്ചവരെയും അതിന്റെ പിറ്റേദിവസം രാവിലെ മുതൽ മുഖ്യമന്ത്രി എല്ലാ പൊതുപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.
സ്മാർട്ട് റോഡ് നിർമാണത്തിന് ആകെ 200 കോടി രൂപയാണ് കണക്കാക്കിയത്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നൽകി. 80 കോടി നൽകിയത് തദ്ദേശഭരണ അക്കൗണ്ടിൽ നിന്നാണ്. ബാക്കി തുക തിരുവനന്തപുരം കോർപ്പറേഷനും ചെലവാക്കി.
പൊതുമരാമത്തിനു റോഡുകളുടെ മേൽനോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും തദേശവകുപ്പിനെ പൂർണമായും ഒഴിവാക്കി റോഡിന്റെ ക്രെഡിറ്റ് റിയാസ് ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതാണ് മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചത്.
ഇതിൽ പ്രതിഷേധിച്ചാണ് തലസ്ഥാനത്തെ മുതിർന്ന ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ ഉദ്ഘാടന യോഗത്തിൽ നിന്ന് വിട്ടു നിന്നതെന്നാണ് സൂചന. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ തണലിൽ പാർട്ടി പിടിക്കുന്നുവെന്ന് ഒരു വിഭാഗത്തിനിടയിൽ പരാതിയുള്ളപ്പോഴാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.