സ്കൂട്ടര്‍ ലോറിയിലിടിച്ചു; വിമുക്തഭടന് ദാരുണാന്ത്യം
Wednesday, May 21, 2025 6:27 PM IST
തിരുവനന്തപുരം: സ്കൂട്ടര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് - ആര്യനാട് റോഡില്‍ തോളൂര്‍ പെട്രോള്‍പമ്പിനു സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഉഴമലയ്ക്കല്‍ വാലൂക്കോണം ചിന്നു ഭവനില്‍ കെ.രവീന്ദ്രന് നായര്‍ (65) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്യനാട്ടു നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയെ അതേ ദിശയില്‍ സഞ്ചരിച്ച സ്കൂട്ടര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ രവീന്ദ്രന് നായരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രന് നായരുടെ ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.