നരഭോജി കടുവയെ കണ്ടെത്തി; ഉടൻ മയക്കുവെടിവയ്ക്കും
Wednesday, May 21, 2025 5:25 PM IST
മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയെ കണ്ടെത്തി. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കേരളാ എസ്റ്റേറ്റിലെ എസ് വളവിനു സമീപത്തുവച്ചാണ് കടുവയെ കണ്ടെത്തിയത്.
ആർആർടി സംഘത്തിന്റെ പത്തുമീറ്റർ അടുത്തുവരെ കടുവയെത്തിയെങ്കിലും വെടിവയ്ക്കാനായില്ല. വനംവകുപ്പിന്റെ നേതൃത്വത്തിൽ കടുവയെ നിരീക്ഷിക്കുകയാണെന്നും ഉടൻ മയക്കുവെടിവയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. സഹതൊഴിലാളി അബ്ദുല്‍സമദ് നോക്കിനിൽക്കെയാണ് കടുവ ഗഫൂറിനെ ആക്രമിച്ച് വലിച്ചിഴച്ചുകൊണ്ടുപോയത്.
തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരഞ്ഞാണ് മയക്കുവെടിവയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
കടുവയെ മയക്കുവെടി വയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.