പയ്യന്നൂരിൽ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്തു; മകനെതിരേ കേസ്
Wednesday, May 21, 2025 12:34 PM IST
കണ്ണൂർ: എഴുപത്തിയാറുകാരനായ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്ത മകനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയിലാണ് മകന് അനൂപിനെതിരേ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഭാര്യ കുടുംബശ്രീക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ പരാക്രമം.
പരാതിക്കാരന്റെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മരത്തടികൊണ്ട് ഇടതുകാലിനടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായ വയോധികന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സയില്‍ കഴിയുന്ന വയോധികനില്‍നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരെ കേസെടുത്തത്. കുടുംബസ്വത്ത് വീതംവയ്ക്കുന്നതിന് വിസമ്മതിച്ചതാണ് സംഭവത്തിന് കാരണമായി പരാതിയിലുള്ളത്.