മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
Tuesday, May 20, 2025 9:01 PM IST
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി. തിങ്കളാഴ്ച വൈകുന്നേരംകുഞ്ഞുമായി പോയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്.
ഇന്നു പുലര്‍ച്ചെയാണ് കുഞ്ഞിന്റെ മൃതശരീരം കണ്ടെടുത്തത്. ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുലർച്ചെ രണ്ടേകാലോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പുത്തന്‍കുരിശ് മറ്റക്കുഴിയിലെ ഭര്‍ത്താവിന്റെ വീട്ടിനടുത്തുളള അംഗന്‍വാടിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് മകള്‍ കല്യാണിയുമായി സന്ധ്യ യാത്ര തുടങ്ങിയത്. അംഗന്‍വാടിയിലെത്തിയ സന്ധ്യയുടെ പെരുമാറ്റത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
അംഗന്‍വാടിയില്‍ നിന്ന് തിരുവാങ്കുളത്ത് എത്തിയ സന്ധ്യ റോഡിലൂടെ വളരെ സ്നേഹത്തില്‍ കുഞ്ഞിനെയും ഒക്കത്തെടുത്ത് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തിരുവാങ്കുളത്തു നിന്ന് സന്ധ്യ കുഞ്ഞുമായി പോയത് നേരെ ആലുവയിലേക്കാണ്.
അവിടെ മണപ്പുറത്ത് കുഞ്ഞിനൊപ്പം സമയം ചെലവിട്ട ശേഷമാണ് മൂഴിക്കുളത്തേക്ക് പോയത്. മൂഴിക്കുളത്ത് രാത്രി ഏഴ് അഞ്ചിന് ബസിറങ്ങുമ്പോഴും സന്ധ്യയ്ക്കൊപ്പം കുഞ്ഞിനെ കാണാം. അവിടെ നിന്ന് നടന്നു പോകുന്നു വഴിയിലാണ് പാലത്തിന്റെ ഏതാണ്ട് ഒത്ത നടുവില്‍ വച്ച് കുഞ്ഞിനെ സന്ധ്യ പുഴയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞത്.