ആശാവർക്കർമാരുടെ സമരം; ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി
Tuesday, May 20, 2025 8:19 PM IST
കോഴിക്കോട്: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലുവര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയാണ് ആശമാരുടെ സമരം ചോദ്യമായി എത്തിയത്.
ഇനിയൊരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സർക്കാറിന്റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി.
ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സമരക്കാർ നിരാശരായി മടങ്ങേണ്ടി വരില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
വേതന വർധന ആവശ്യപ്പെട്ട് ആശാവർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടു.