വരയന്നൂരിലെ സുരേഷിന്റെ മരണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Tuesday, May 20, 2025 6:53 PM IST
പത്തനംതിട്ട: വരയന്നൂരിലെ സുരേഷിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പത്തനംതിട്ട അഡീഷണൽ എസ്പിക്കാണ് അന്വേഷണച്ചുമതല.
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിന്റെ തൂങ്ങിമരിച്ചതിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഡിഐജി അജിത ബീഗമാണ് ഉന്നതല അന്വേഷണത്തിന് നിർദേശം നൽകിയത്.
മാർച്ച് 16 നാണ് വരയന്നൂർ സ്വദേശി കെ.എം. സുരേഷിനെ കനാലിന് സമീപത്ത് കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പോലീസ് പിടികൂടിയത്. വൈകുന്നേരം വിട്ടയച്ചെങ്കിലും രാത്രി പിന്നെയും കാക്കി യൂണിഫോമിട്ട പോലീസുകാരെന്ന് തോന്നുന്ന ആളുകൾ കൂട്ടിക്കൊണ്ടുപോയെന്നാണ് അമ്മയും അയൽക്കാരും പറയുന്നത്.
മാർച്ച് 22 ന് കോന്നി ഇളകൊള്ളൂരിലെ ഒരു തോട്ടത്തിലാണ് 58 കാരൻ സുരേഷിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതായും ദേഹമാസകലം അടിയേറ്റ ചതവുകളും കണ്ടെത്തി. എന്നാൽ അസ്വാഭാവിക മരണത്തിന് കോന്നി പോലീസ് എടുത്ത എഫ്ഐആറിൽ ഒരു മാറ്റവുംവന്നില്ല. പോലീസ് അന്വേഷണത്തിലെ ഒളിച്ചുകളിയാണ് സംശയത്തിലേക്ക് വിരല് ചൂണ്ടിയത്.
പുല്ലാടുള്ള വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് സുരേഷ്. സ്വദേശമായ വരയന്നൂരിൽ നിന്ന് 25 കിലോമീറ്റർ അകലെ കോന്നിയിലാണ് സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.