ദേശീയപാത തകര്‍ന്ന സംഭവം; പാത കടന്നുപോകുന്ന വയല്‍ പ്രദേശങ്ങളില്‍ ആശങ്ക
Tuesday, May 20, 2025 4:39 PM IST
മലപ്പുറം: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ ദേശീയപാത 66ലെ ആറുവരിപ്പാത തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാടിനും ഇടയിലാണ് റോഡ് തകര്‍ന്ന് താഴ്ചയിലേക്ക് പതിക്കുകയും സമീപ ഭാഗങ്ങളില്‍ കനത്ത വിള്ളലുണ്ടാകുകയും ചെയ്തത്.
അന്‍പതടിയോളം ഉയരത്തില്‍ വയലിലൂടെയാണ് ദേശീയ പാത ഈ ഭാഗത്ത് കടന്നുപോകുന്നത്. മഴക്കാലത്ത് വെള്ളം മുങ്ങുന്ന ഭാഗമാണ് ഇവിടം. കാലവര്‍ഷം വരാനിരിക്കേ കടുത്ത ആശങ്കയാണ് ഉയരുന്നതെന്നും വിദഗ്ധപരിശോധന നടത്തണമെന്നും പ്രദേശവാസികള്‍ പറയുന്നു. ദേശീയപാതയുടെ കോഴിക്കോട്-കൊടല് നടക്കാവ് ഭാഗത്ത് മാസങ്ങള്‍ക്കുമുന്‍പ് അപ്രോച്ച് റോഡില്‍ വലിയ വിള്ളലുണ്ടായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ എത്തി തുടര്‍ പ്രവൃത്തികള്‍ നടത്തുകയായിരുന്നു. ഈ ഭാഗവും വയല്‍ പ്രദേശമായിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുമ്പോള്‍ കരാറുകാര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. പലയിടങ്ങളിലും ആവശ്യത്തിന് മണ്ണ് കിട്ടാത്ത അവസ്ഥയും സംജാതമായിരുന്നു.
ഇതോടെ പ്രവൃത്തികള്‍ നിലയ്ക്കുന്ന സന്ദര്‍ഭവും ഉണ്ടായി. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു മണ്ണ് വലിയ ലോറികളില്‍ കൊണ്ടുവന്നാണ് താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തിയത്. ഇപ്പോഴുണ്ടായ റോഡ് തകര്‍ച്ച ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ഇന്നലെ ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.