മഹാരാഷ്ട്രയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം; ഛഗൻ ഭുജ്ബൽ മഹായുതി മന്ത്രിസഭയിൽ
Tuesday, May 20, 2025 4:02 PM IST
മുംബൈ: എൻസിപിയുടെ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, അജിത്ത് പവാർ, സ്പീക്കർ രാഹുൽ നർവേക്കർ തുടങ്ങിയവർ പങ്കെടുത്തു. ഒബിസി വിഭാഗത്തിൽ നിന്നുള്ള പ്രബല നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഭുജ്ബൽ യിഓളയിൽ നിന്നുള്ള എംഎൽഎ ആണ്.
രാജിവച്ച എൻസിപി നേതാവ് ധനജ്ഞയ് മുണ്ഡയ്ക്ക് പകരമാണ് ഛഗനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മാർച്ചിലാണ് മുണ്ഡ രാജിവച്ചത്.
തിങ്കളാഴ്ച രാത്രി മാത്രമാണ് ഛഗൻ ഭുജ്ബലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും എന്ന സൂചന ലഭിക്കുന്നത്. പിന്നീട് അദ്ദേഹം തന്നെ താൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യം സ്ഥിരീകരിച്ചു.