അതിതീവ്ര മഴ വരുന്നു, ജാഗ്രത വേണം: നാല് ജില്ലകളിൽ വൈകുന്നേരം അഞ്ചിന് സൈറൺ മുഴങ്ങും
Tuesday, May 20, 2025 3:58 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ ഇന്ന് വൈകുന്നേരം അഞ്ചിന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പായാണ് സൈറണുകൾ മുഴക്കുകയെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'കവചം' മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകളാണ് മുഴങ്ങുക. സംസ്ഥാനത്ത് ഇതാദ്യമായാണ് മുന്നറിയിപ്പ് നൽകുന്നതിനായി ഈ സൈറണുകൾ മുഴക്കുന്നത്. നേരത്തെ മോക് ഡ്രില്ലുകൾക്കായി സൈറൺ ഉപയോഗിച്ചിരുന്നു.
വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.