കോഴിക്കോട്ട് കനത്ത മഴ; പലയിടത്തും നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി
Tuesday, May 20, 2025 2:36 PM IST
കോഴിക്കോട്: ഒരുദിവസത്തോളമായി പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങൾ. മലയോരമേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. മുക്കം, താമരശേരി മേഖലകളിലും മഴയിൽ നാശനഷ്ടമുണ്ടായി. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ജില്ലയുടെ വിവിധ മേഖലകളിൽ ഗതാഗത തടസവും ഉണ്ടായി.
കൊയിലാണ്ടി തുറമുഖത്തുനിന്നു മത്സ്യബന്ധനത്തിനു പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. നടക്കാവ് നാലുകുടിപ്പറമ്പ് ഹംസക്കോയ (65) ആണ് മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു.
മലയോര മേഖലകളിൽ തിങ്കളാഴ്ച ഉച്ചയോടെ കനത്ത ഇടിമിന്നലിന്റെ അകമ്പടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇതോടെ നോർത്ത് കാരശേരി അങ്ങാടിയിൽ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പെട്രോൾ പമ്പിലും വെള്ളം കയറി.
മുക്കം ഹൈസ്കൂളിൽ നിന്ന് പിസി ജംഗ്ഷനിലേക്ക് എത്തുന്ന റോഡിൽ മുകൾ ഭാഗത്തുനിന്ന് ശക്തമായി വെള്ളം ഒലിച്ചതോടെ ഗതാഗതവും തടസപ്പെട്ടു. ഒരു ഓട്ടോറിക്ഷ ഉൾപ്പെടെ റോഡിൽ കുടുങ്ങി.
മുക്കം ടൗണിൽ സംസ്ഥാനപാതക്കരികിൽ കാരശേരി ബാങ്കിന് മുൻവശത്ത് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസം ഉണ്ടാക്കി. കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി - മലാംകുന്ന് റോഡിലെ കലുങ്കിന്റെ കോൺക്രീറ്റും ഒലിച്ചുപോയി.
കോടഞ്ചേരിയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ ഇരുവഞ്ഞിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. അരിപ്പാറ, പതങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പുഴയിൽ ഇറങ്ങുന്നത് നിരോധിച്ചു. കനത്ത മഴയിൽ അന്നൂർ റോഡരികിലായുള്ള പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ സൺഷെയ്ഡുകൾ അടർന്നുവീണു.