വാരിയെല്ലും നട്ടെല്ലും പൊട്ടി; കാട്ടാനയാക്രമണത്തിൽ മരിച്ച ഉമ്മറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Tuesday, May 20, 2025 1:29 PM IST
പാലക്കാട്: എടത്തനാട്ടുകരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്നാണ് റിപ്പോർട്ട്.
ഉമ്മറിന്റെ വാരിയെല്ലും നട്ടെല്ലും പൊട്ടിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം നടന്നത്.
തിങ്കളാഴ്ചയാണ് ടാപ്പിംഗ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന ചവിട്ടി കൊന്നത്. വൈകുന്നേരത്തോടെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ടാപ്പിംഗ് തൊഴിലാളിയായ ഉമ്മർ അതിരാവിലെ ജോലിക്കായി പോയിരുന്നു. തിരിച്ച് വരാതായതോടെ ഫോണിൽ വിളിച്ചു. അതും ലഭിക്കാതായതോടെ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഖത്തും തലയിലും മുറിവുണ്ട്. ആനയുടെ ആക്രമണത്തിലാണ് ഉമ്മർ മരിച്ചതെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിരുന്നു.