ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു
Tuesday, May 20, 2025 12:17 PM IST
ബംഗളൂരു: കർണാടക ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലസ്ഥലത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നഗരത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. ബിടിഎം ലേ ഔട്ടിലെ എൻഎസ് പാളയയിൽ ഒരു അപ്പാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവരാണ് മരിച്ചത്.
അപ്പാർട്ട്മെന്റിലെ താഴത്തെനിലയിൽ കയറിയ വെള്ളം അടിച്ചുകളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു അപകടം. മോട്ടോർ ഓണാക്കിയതിനു പിന്നാലെ മൻമോഹൻ കാമത്തിനും തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇതോടെ ബംഗളുരുവിൽ മഴക്കെടുതിയിൽ മരണം മൂന്നായി.
ബംഗളുരുവിൽ ഇന്നും കനത്ത മഴ തുരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ സ്ഥിതിയിൽ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് റോഡ് താത്കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ ഹൊസൂർ റോഡിലേക്ക് പോകുന്ന യാത്രക്കാർ ബദൽ വഴികൾ സ്വീകരിക്കണമെന്ന് ബംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച വൈകുന്നേരം മുതൽ കർണാടകയിലെ പല പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ബെംഗളൂരുവിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ബാഗൽകോട്ട്, ബെലാഗവി, ധാർവാഡ്, ഗദഗ്, കൊപ്പൽ, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, കോലാർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടിമിന്നലോടുകൂടിയതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൂടാതെ, തീരദേശ കർണാടകയിലും സമീപ ജില്ലകളിലും ഇന്ന് ഇടിമിന്നലോടുകൂടിയ കനത്തതോ വളരെ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.