അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നു വയസുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ
Monday, May 19, 2025 10:15 PM IST
കൊച്ചി: അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്ത മൂന്നു വയസുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ കൂടെ യാത്ര ചെയ്ത മറ്റക്കുഴി സ്വദേശിയായ കല്യാണിയെയാണ് കാണാതായത്.
അങ്കണവാടിയിൽ നിന്ന് തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നുമുതലാണ് കുട്ടിയെ കാണാതായതെന്ന് പരാതിയിൽ പറയുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക നിരീക്ഷണം നടത്താൻ എസ്പി പോലീസിന് നിർദേശം നൽകി.
കുട്ടിയും അമ്മയും ടൗണിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ജീൻസും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോൾ കല്യാണി ധരിച്ചിരുന്നത്. അമ്മ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകി. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.