പരാതി വാങ്ങി മേശപ്പുറത്തിട്ടു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണവുമായി ദളിത് യുവതി
Monday, May 19, 2025 10:12 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്.
കള്ളക്കേസിൽ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു.
പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണെന്നാണ് പരാതി.
യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ല.
രാത്രി വൈകി പനവൂരിലെ വീട്ടിലെത്തിച്ച് മാലയ്ക്കായി പോലീസ് പരിശോധനയും നടത്തി. തിരിച്ച് വീണ്ടും പേരൂർക്കട സ്റ്റേഷനിലെത്തിച്ചു. കുടിക്കാൻ വെള്ളംപോലും നൽകിയില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, ആ വീട്ടിൽനിന്നുതന്നെ നഷ്ടപ്പെട്ടെന്നു കരുതിയ മാല കണ്ടെത്തിയിരുന്നു. ഉടമസ്ഥതന്നെ പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ എത്തി മാല കിട്ടിയെന്നറിയിച്ചു. ഇതേത്തുടർന്നാണ് ബിന്ദുവിനെ കുറ്റവിമുക്തയാക്കാൻ പോലീസ് തയാറായത്.