കോഴിക്കോടിനെ നടുക്കിയ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഇന്ന് പരിശോധന
Monday, May 19, 2025 6:24 AM IST
കോഴിക്കോട്: നഗരത്തെ നടുക്കിയ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഇന്ന് പരിശോധന നടത്തും. കെട്ടിടപരിപാലന ചട്ടം പാലിച്ചോ എന്നത് അടക്കം പരിശോധിക്കും. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
അതേസമയം അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ തീയണച്ചത്. ജില്ലയിലെയും പുറത്തുനിന്നുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളെത്തിയാണ് രാത്രി പത്തരയോടെ തീയണച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും തീ അണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും എസ്പി ടി.നാരായണൻ പറഞ്ഞു. ജെസിബി എത്തിച്ച് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീ പൂർണമായും അണച്ചത്.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നൽകിയ നിർദേശം.
ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാരശാലയിൽ തീപിടിത്തമുണ്ടായത്.