ബംഗ്ലാദേശ് ഉത്പന്നങ്ങളുടെ കരമാർഗമുള്ള ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം
Monday, May 19, 2025 2:39 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നുള്ള ഏതാനും ഉത്പന്നങ്ങൾ കരവഴി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ. കടൽവഴിയുള്ള ഇറക്കുമതിക്കു നിയന്ത്രണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ചില ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ബംഗ്ലാദേശ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണു നടപടി. റെഡ്മെയ്ഡ് വസ്ത്രങ്ങൾ ഉൾപ്പെടെയാണ് കരമാർഗം ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചത്. ഉഭയകക്ഷി വ്യാപാരത്തിൽ സംതുലനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് കേന്ദ്രം വ്യക്തമാക്കി.
ശനിയാഴ്ച വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിജ്ഞാപനമനുസരിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതി മുംബൈയിലെ നവ ശേവ, കോല്‍ക്കത്ത തുറമുഖങ്ങള്‍ വഴി മാത്രമേ അനുവദിക്കൂ.
വസ്ത്രങ്ങള്‍, സംസ്കരിച്ച ഭക്ഷണം, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട ചരക്കുകള്‍ തിരഞ്ഞെടുത്ത ഈ രണ്ട് തുറമുഖങ്ങളിലൂടെ മാത്രമേ ഇറക്കുതി ചെയ്യാന്‍ കഴിയൂ. ഈ ഉത്പന്നങ്ങള്‍ കരമാര്‍ഗം ഇറക്കുമതി ചെയ്യുന്നതിന് പൂര്‍ണമായും നിരോധനവുമുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള നിരവധി സാധനങ്ങളുടെ ഇറക്കുമതിക്ക് ബംഗ്ലാദേശ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടൊപ്പം ചൈനയോടുള്ള അവരുടെ സമീപനവും നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പിന്നിലുണ്ട്.