അവധി ഒഴിവുകളിൽ തടഞ്ഞിരുന്ന സ്ഥാനക്കയറ്റം പുനഃസ്ഥാപിച്ചു
Monday, May 19, 2025 1:28 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ മൂന്നുമാസത്തിൽ കൂടുതൽ കാലാവധിയുള്ള ശൂന്യവേതനാവധി ഉൾപ്പെടെ എല്ലാ അവധി ഒഴിവുകളും സ്ഥാനക്കയറ്റം ഉൾപ്പെടെ നൽകി ഉടൻ നികത്താൻ നിർദേശം.
ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിക്കുന്പോൾ തന്നെ അർഹരായവർക്കു സ്ഥാനക്കയറ്റം നൽകി ഒഴിവ് നികത്താൻ നേരത്തേയുണ്ടായിരുന്ന അനുവാദം പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ നിയോഗിച്ച സമിതികളുടെ ശിപാർശകൾ പരിഗണിച്ചാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥൻ മൂന്നുമാസത്തിൽ കൂടുതൽ അവധിയെടുത്താൽ അർഹരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന സന്പ്രദായം ഒഴിവാക്കിയിരുന്നത്.
കോവിഡ് കാലത്താണ് സംസ്ഥാനത്ത് ഇത്തരം ഒഴിവ് റിപ്പോർട്ട് ചെയ്യാതിരുന്നത്. 2020 നവംബറിലെ ഇതുസംബന്ധിച്ച ഉത്തരവ് പിൻവലിച്ച് കഴിഞ്ഞ ദിവസം പുതുക്കി ഉത്തരവിറക്കി. അവധി ഒഴിവുകൾ നികത്തുന്നതിന് 2020 നവംബറിന് മുന്‍പുണ്ടായിരുന്ന വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നു ധനവകുപ്പ് രഹസ്യ വിഭാഗത്തിന്റെ ഉത്തരവിൽ പറയുന്നു.