കോഴിക്കോട് നഗരം സ്തംഭിച്ചു; കൂടുതൽ ഫയർഎൻജിനുകളെത്തിച്ചു
Sunday, May 18, 2025 8:23 PM IST
കോഴിക്കോട്: പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ മലബാറിലെ എല്ലാ യൂണിറ്റുകളിൽ നിന്നും ഫയർഎൻജിനുകളെത്തിക്കാൻ ഫയർ ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത നിർദേശം നൽകി.
കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. പിന്നീട് തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. തീ അണയ്ക്കാനായി അഗ്നിശമനസേനയുടെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി.
ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു. നിലവില്‍ എട്ട് ഫയര്എന്ജിന് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ക്രാഷ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേര്‍ന്നെങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ല. നിലവിൽ ബീച്ച്, മീഞ്ചന്ത, മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും ഫയർ യൂണിറ്റുകളെത്തിയിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കാന്‍ ഏകോപനമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് നഗരത്തിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.