അജ്ഞാതരുടെ ആക്രമണം; കൊടുംഭീകരന് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു
Sunday, May 18, 2025 7:27 PM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്ന വിവിധ സ്ഫോടനങ്ങളില്‍ പങ്കുള്ള കൊടുംഭീകരന് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് ലഷ്കര്‍ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.
2001ൽ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ൽ ബംഗളൂരുവിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് ഇയാൾ.
നേപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്ന സെയ്ഫുള്ള ഖാലിദ് പിന്നീട് പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം അടുത്തിടെയാണ് ഇയാള്‍ സിന്ധിലെ ബാദിന് ജില്ലയിലേക്ക് താമസം മാറിയത്.
വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. വ്യാജപേരില്‍ നേപ്പാളില്‍ കഴിയവെയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്.