നെടുമ്പാശേരി കൊലപാതകം; സിഐഎസ്എഫുകാരെ രക്ഷപെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ
Sunday, May 18, 2025 11:05 AM IST
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കാറിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ.
പ്രതിയായ മോഹൻകുമാറിനെയാണ് സിഐഎസ്എഫ് എസ്ഐയായ മുതിർന്ന ഉദ്യോഗസ്ഥൻ സഹായിച്ചത്. തൊട്ടടുത്ത ദിവസം പ്രതിക്ക് ഡ്യൂട്ടിയില്‍ കയറാനും ഇയാൾ അനുമതി നൽകി.
ആരോപണ വിധേയനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊലപാതകം മറച്ചുവെക്കാൻ ശ്രമം നടത്തിയെന്നതിന് തെളിവ് ലഭിച്ചാൽ ഈ എസ്ഐക്കെതിരെയും നടപടി സ്വീകരിച്ചേക്കും. ഇയാൾക്കെതിരെ സിഐഎസ്എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
ഇരുപത്തിന്നാലുകാരനായ ഐവിന് ജിജോ എന്ന യുവാവിനെയാണ് കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നീ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.