കേദാർനാഥിൽ ലാൻഡിംഗിനിടെ എയർ ആംബുലൻസ് തകർന്നു
Sunday, May 18, 2025 1:59 AM IST
കേദാർനാഥ്: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കേദാർനാഥിൽ എയർ ആംബുലൻസ് തകർന്ന് അപകടം. ലാൻഡിംഗിനിടെ എയർ ആംബുലൻസിന്റെ പിൻഭാഗം നിലത്ത് തട്ടി തകരുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
എയർ ആംബുലൻസ് തകർന്നെങ്കിലും യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റിട്ടില്ല. പൈലറ്റും ഡോക്ടറും നഴ്സുമടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഗുരുതരാവസ്ഥയിലായി രോഗിയെ റിഷികേശിലെ എയിംസിലേക്ക് എത്തിക്കാനായാണ് എയർ ആംബുലൻസിന്റെ സഹായം തേടിയത്. എന്നാൽ കേദാർനാഥിലെ ഹെലിപാഡിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാർ നേരിട്ടതിനാൽ പൈലറ്റ് എയർ ആംബുലൻസ് തുറസായ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.