ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ; റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്
Friday, May 16, 2025 7:03 PM IST
കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ഐവിന് ജിജോയെ പ്രതികൾ കാറിടിപ്പിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ വച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നെടുമ്പാശേരിയിൽ സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് ജോലിക്ക് പോയ സമയത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം ഐവിന്റെ കാറിൽ ഉരസി.
തുടർന്ന് കാറ് മുന്നോട്ട് എടുക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ ഐവിൻ കാറിന് മുന്നിൽ ഇരുന്നു. ഫോണിൽ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. ഇതോടെ കാർ പെട്ടന്ന് മുന്നോട്ട് എടുത്ത ഉദ്യോഗസ്ഥർ ബോണറ്റിൽ തൂങ്ങി കിടന്ന ഐവിനെ റോഡിലൂടെ വലിച്ചിഴച്ച് ഒരു കിലോമീറ്ററോളം കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ഐവിന്റെ ദേഹത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർ അറസ്റ്റിലായത്.