ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ വധം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
Friday, May 16, 2025 4:52 PM IST
മംഗളൂരു: ബജ്റംഗ്ദള്‍ പ്രവര്ത്തകന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ബണ്ടാള്‍ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂര്‍ നൗഷാദ്, 39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീന് (അജു, 29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുള്‍ഖാദര്‍ (നൗഫല്‍, 24) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മേയ് ഒന്നിന് രാത്രി ബജ്പെ കിന്നിപദവ് ക്രോസിലാണ് എട്ടുപേര്‍ ചേര്‍ന്ന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. വാമഞ്ചൂര്‍ നൗഷാദിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച ഗൂഢാലോചന തുടങ്ങി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഹാസ് ഷെട്ടിയെ പിന്തുടരുകയും വിവരങ്ങള്‍ കൊലയാളികള്‍ക്ക് നല്‍കുകയും ചെയ്തത് അസ്ഹറുദ്ദീനാണെന്ന് പോലീസ് അറിയിച്ചു.