ജൂണിയർ അഭിഭാഷകയെ മർദിച്ച കേസ്; അഡ്വക്കേറ്റ് ബെയ്ലിൻ ദാസ് റിമാൻഡിൽ
Friday, May 16, 2025 12:21 PM IST
തിരുവനന്തപുരം: ജൂണിയർ അഭിഭാഷകയെ മർദിച്ച അഡ്വക്കേറ്റ് ബെയ്ലിൻ ദാസിനെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു. ഈ മാസം 27 വരെയാണ് കോടതി റിമാൻഡ്ചെയ്തത്.
ബെയ്ലിൻ ദാസിന് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ബെയ്ലിൻ ദാസിന്റെ ജാമ്യ ഹര്‍ജിയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ജൂണിയർ അഭിഭാഷകർ തമ്മിലുണ്ടായ പ്രശ്നത്തിലേക്ക് തന്നെ വലിച്ചിഴച്ചുവെന്ന് ബെയ്ലിൻ കോടതിയിൽ വാദിച്ചു. അതിനിടയിലുണ്ടായ സംഭവത്തെ പർവതീകരിച്ചുവെന്നുമാണ് വാദം.
കേസിൽ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂണിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് ഇയാൾ മര്‍ദിച്ചത്.
അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷൻ താത്കാലികമായി പുറത്താക്കിയിരുന്നു.