യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
Friday, May 16, 2025 11:23 AM IST
കൊച്ചി: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വിനയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോഹന്‍ എന്ന ഉദ്യോഗസ്ഥനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് ഉദ്യോഗസ്ഥരെയും വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പോലീസ് പരിശോധിക്കും.
സംഭവത്തിനു പിന്നാലെ പ്രതികളായ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്പെൻഡുചെയ്തിരുന്നു. സിഐഎസ്എഫ് എസ്ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
തുറവൂര്‍ സ്വദേശി ഐവിന് ജിജോ (24) യുടെ മരണമാണ് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയാണ് സംഭവം. കാറില്‍ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഓടിച്ച കാറിന് മുന്നില്‍ കയറി നിന്നു. ഇത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കാര്‍ മുന്നോട്ടെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലെ ഷെഫാണ് ഐവിന്. ജോലി കഴിഞ്ഞ് രാത്രിയില്‍ തിരികെ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.