യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിശദമായ ശാസ്ത്രീയ പരിശോധന നടത്താൻ പോലീസ്
Friday, May 16, 2025 8:34 AM IST
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിഐഎസ്എഫ് ജവാൻമാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. കാറിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്തും.
അതേസമയം അപകടത്തിൽ മരിച്ച അങ്കമാലി സ്വദേശി ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ശരീരത്തിൽ നിന്ന് രക്തം വാർന്നതും മരണകാരണമായി. സംഭവത്തിൽ രണ്ട് ജവാൻമാരെയും സസ്പെൻഡ് ചെയ്ത സിഐഎസ്എഫ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തുറവൂര്‍ സ്വദേശി ഐവിന് ജിജോ (24)ആണ് കൊല്ലപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ബുധനാഴ്ച രാത്രിയാണ് സംഭവം.
വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനിടെ ഐവിന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഓടിച്ച കാറിന് മുന്നില്‍ കയറി നിന്നു. ഇത് കണക്കാക്കാതെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് കാര്‍ മുന്നോട്ടെടുത്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാര്‍ ഇടിച്ച് ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു. തുടര്‍ന്ന് താഴേക്ക് വീണ് ഐവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.