പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങൾ; ആരും താക്കീത് ചെയ്തിട്ടില്ല: ശശി തരൂർ
Thursday, May 15, 2025 9:47 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം തന്നെ താക്കീതു ചെയ്തുവെന്ന രീതിയിൽ പ്രചരിക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ശശി തരൂര്‍ എംപി. നേരിട്ടോ അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ല. താൻ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പുറത്തുവിടാം. താന്‍ പറയുന്നതൊക്കെ എന്തുകൊണ്ടാണ് വിവാദമാകുന്നുവെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ തരൂർ നടത്തിയിരുന്നു. ഇതേത്തുടർന്ന് കോൺഗ്രസ് നേതൃത്വം തരൂരിനെ താക്കീതു ചെയ്തുവെന്ന രീതിയിലുള്ള റിപ്പോർട്ട് പ്രചരിച്ചിരുന്നു.
യുദ്ധത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിപരമായ അഭിപ്രായം പറഞ്ഞത്.
വിദേശകാര്യങ്ങളെക്കുറിച്ചൊക്കെ അറിയുന്നതുകൊണ്ടാണ് ആളുകള്‍ തന്നോട് ചോദ്യം ചോദിക്കുന്നത്. അപ്പോൾ പാര്‍ട്ടിക്കു വേണ്ടിയോ സര്‍ക്കാരിനു വേണ്ടിയോ അല്ല സംസാരിക്കുന്നതെന്നും തരൂർ വ്യക്തമാക്കി.