തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ; മലക്കം മറിഞ്ഞ് ജി.സുധാകരന്
Thursday, May 15, 2025 7:41 PM IST
ആലപ്പുഴ: തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്. പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടില്ല. അല്പം ഭാവന കലര്‍ത്തിയാണ് താൻ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സുധാകരനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ.അൻവറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.