ട്രംപിനെ തള്ളി; പാക്കിസ്ഥാനുമായുള്ള ചർച്ചയിൽ മൂന്നാം കക്ഷി വേണ്ട: എസ്.ജയ്ശങ്കർ
Thursday, May 15, 2025 6:43 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള ചർച്ചയ്ക്ക് മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. പാക്കിസ്ഥാനുമായുള്ള വിഷയത്തിൽ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയാറുള്ളൂ.
അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതില്‍ ഒരുമാറ്റവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇടപെട്ടെന്നും കാഷ്മീർ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതിര്‍ത്തി കടന്നുള്ള ഭീകരത പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പാക് അധീന കാഷ്മീരിൽ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് ഇനി ചര്‍ച്ചചെയ്യാനുള്ളതെന്നും ആ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാൻ സൈന്യത്തെ ഇന്ത്യ ആക്രമിച്ചിരുന്നില്ലെന്നും തീവ്രവാദികളെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും എസ്.ജയ്ശങ്കർ പറഞ്ഞു.