തിരുവല്ലയിൽ കെഎസ്ആർടിസി ബസ് പാഞ്ഞുകയറി അപകടം; മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
Thursday, May 15, 2025 11:45 AM IST
പത്തനംതിട്ട: തിരുവല്ലയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. നെടുമ്പ്രം വിജയവിലാസം വീട്ടിൽ കാർത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പിൽ വീട്ടിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ വീട്ടിൽ ദേവജിത്ത് സന്തോഷ്(15) എന്നിവർക്കാണ് പരിക്കേറ്റത്.
മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ കാർത്തിക്കിന്റെ നില ഗുരുതരമാണ്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികൾക്കുമേൽ പാഞ്ഞുകയറുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.