കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു
Thursday, May 15, 2025 4:30 AM IST
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.
കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവും മന്ത്രിയുമായ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിജയ് ഷാ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
സംഭവത്തിൽ വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് മന്ത്രി വിളിച്ചത് വൻ വിവാദമായിരുന്നു.
നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള് അയച്ചു എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വിജയ് ഷായെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമായിരുന്നു.