യൂത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; കണ്ണൂരിൽ വൻ സംഘർഷം
Wednesday, May 14, 2025 7:46 PM IST
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയ്ക്കിടെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. അടുവാപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര മലപ്പട്ടത്തു എത്തിയപ്പോഴും തുടർന്ന് ചേർന്ന സമ്മേളനത്തിലുമാണ് സംഘർഷമുണ്ടായത്.
അടുവാപ്പുറത്ത് ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം സംഘർഷം ഉടലെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ കാൽനട യാത്ര നടത്തിയത്.
യാത്ര മലപ്പട്ടം ടൗണിൽ എത്തിയപ്പോൾ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നെങ്കിലും ഇരു വിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.