മന്ത്രവാദിനിയുടെ വാക്കുകേട്ട് രണ്ടു വയസുകാരനെ കനാലിൽ എറിഞ്ഞ് കൊന്നു; യുവതി അറസ്റ്റിൽ
Wednesday, May 14, 2025 6:20 PM IST
ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്ക് കേട്ട് രണ്ടു വയസുകാരനെ കനാലിൽ എറിഞ്ഞ് കൊന്ന മാതാവ് അസ്റ്റിൽ. ഫരീദാബാദ് സൈനിക് കോളനിയിലെ മേഘ ലുക്റയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് കപിൽ ലുക്റയുടെ പരാതിയിലാണ് അറസ്റ്റ്.
കുടുംബത്തിലുള്ള എല്ലാവരേയും നശിപ്പിക്കുന്ന തരത്തിലുള്ള ഏതോ ഒരു ദുഷ്ട ശക്തി കുഞ്ഞിന്റെ ശരീരത്തിൽ കയറിയിട്ടുണ്ട്. വേഗം പരിഹാരം കണ്ടില്ലങ്കിൽ വീട്ടിലുള്ള എല്ലാവരും മരണപ്പെടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മന്ത്രവാദിനി മീത യുവതിയെക്കൊണ്ട് ക്രൂര കൊലപാതകം ചെയ്യിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ കുഞ്ഞുമൊത്ത് പുറത്തിറങ്ങിയ മേഘ കുട്ടിയെ കനാലിൽ എറിയുകയായിരുന്നു. അതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളത്തിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് മേഘയെയും മീതയെയും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫരീദാബാദ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം പിതാവിന് കൈമാറിയെന്ന് പോലീസ് അറിയിച്ചു.